Society Today
Breaking News

കൊച്ചി: ഉയര്‍ന്നതോതില്‍ വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യയിലെ തനതു അലങ്കാര മത്സ്യമായ ഇന്‍ഡികോ ബാര്‍ബിന്റെ കൃത്വിമ പ്രജനന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞര്‍ വിജയം കൈവരിച്ചു. ഗോവയിലും കര്‍ണ്ണാടകയിലും കന്യാവനങ്ങളിലെ തെളിനീരില്‍ കണ്ടുവന്നിരുന്ന പരല്‍ ഇനത്തില്‍പ്പെട്ട അപൂര്‍വ്വ മത്സ്യമാണ് ഇന്‍ഡിഗോ ബാര്‍ബ്. അന്താരാഷ്ട്ര അലങ്കാര മത്സ്യവിപണയില്‍ മൂന്ന് ഡോളര്‍ വില ലഭിക്കുന്ന ഇന്‍ഡിഗോ ബാര്‍ബിനെ വന്‍തോതില്‍ പിടിച്ചെടുത്ത് കയറ്റുമതി ചെയ്തതോടെയാണ് മത്സ്യം വംശനാശത്തിന്റെ വക്കിലെത്തിയത്.വംശനാശത്തില്‍ നിന്ന് ഇന്‍ഡിഗോ ബാര്‍ബിനെ രക്ഷിക്കാനായി ഗോവയിലെ കേന്ദ്ര തീരദേശ കാര്‍ഷിക ഗവേഷണ കേന്ദ്രവും (സി.സി.എ.ആര്‍.ഐ) കുഫോസും ചേര്‍ന്ന് നടത്തിയ രണ്ട് വര്‍ഷത്തെ ഗവേഷണ പദ്ധതിയിയാണ് വിജയം കൈവരിച്ചത്.

കുഫോസിലെ ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനായ ഡോ.അന്‍വര്‍ അലിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഇന്‍ഡിഗോ ബാര്‍ബിന്റെ കൃത്വിമ പ്രജനന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. അലങ്കാര മത്സ്യകര്‍ഷകര്‍ക്ക് കൃത്വിമടാങ്കുകളില്‍  80 ദിവസങ്ങള്‍ കൊണ്ട് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപണയിലേക്ക് എത്തിക്കാന്‍ കഴിയുന്ന വിധമാണ് കൃത്വിമ പ്രജനന സങ്കേതിക വിദ്യ ക്രമപ്പെടുത്തിയിരിക്കുന്നതെന്ന് ഡോ.അന്‍വര്‍ അലി പറഞ്ഞു. ഗോവയിലെ കന്യാവനങ്ങളിലെ നീര്‍ച്ചാലുകളില്‍ മാസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തിയ മാതൃമത്സ്യങ്ങളെ കുഫോസിലെ ഹാച്ചറിയിലെത്തിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് കൃത്വിമ പ്രജനനസാങ്കേതിക വിദ്യ വികസിപ്പിച്ചത്.

കുഫോസ് വികസിപ്പിച്ച കൃത്വിമ പ്രജനന സാങ്കേതിക വിദ്യയിലൂടെ ഉദ്പാദിപ്പിച്ച ഇന്‍ഡിഗോ ബാര്‍ബ് കുഞ്ഞുങ്ങളെ  കുഫോസില്‍ നടന്ന ചടങ്ങില്‍ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ഡെയ്‌സി കാപ്പന്‍   സി.സി.എ.ആര്‍.ഐ ഡയക്ടര്‍ ഡോ.പ്രവീണ്‍കുമാറിന് കൈമാറി. സാങ്കേതിക വിദ്യ മത്സ്യകര്‍ഷക്ക് കൈമാറുന്നതിനോടൊപ്പം ഇന്‍ഡിഗോ ബാര്‍ബിന്റെ തനതു ആവാസ വ്യവസ്ഥയായ കന്യാവനങ്ങളിലെ നീര്‍ച്ചാലുകളില്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെന്ന് ഡോ.പ്രവീണ്‍കുമാര്‍ പറഞ്ഞു. സി.സി.എ.ആര്‍.ഐ ശാസ്തജ്ഞന്‍ ഡോ.ജി.ബി.ശ്രീകാന്ത്, കുഫോസ് പഌനിങ്ങ് ഡയറക്ടര്‍ ഡോ.എം.എസ്.രാജു, അധ്യാപകരായ ഡോ.കെ.രജ്ഞീത്ത് ഡോ.രാധിക രാജശ്രീ, ഡോ.അനു ഗോപിനാഥ്, ഡോ.എം.പി.സഫീന, കൃത്വിമ പ്രജനന സാങ്കേതിക വിദ്യ വികസിപ്പിച്ച ഡോ.അന്‍വര്‍ അലി. മെല്‍ബില്‍ ലാല്‍ എന്നിവര്‍ പങ്കെടുത്തു.
 

Top